കുടുംബയൂണിറ്റുകൾ
പരിശുദ്ധ ദേവാലയത്തിനു കീഴിലുള്ള കുടുംബയൂണിറ്റുകൾ വളരെ ഭംഗിയോടും അച്ചടക്കത്തോടും കൂടി പ്രവർത്തിച്ചു വരുന്നു. പരിശുദ്ധ സഭയിലെ കുടുംബങ്ങളെ ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ചൈതന്യത്തിലേക്കും പ്രവർത്തന ശൈലിയിലേക്കുമെല്ലാം മടക്കിക്കൊണ്ടുവരാനുള്ള പരിശ്രമമാണ് കുടുംബയൂണിറ്റ്. പ്രക്‌സീസ് 2 ന്റെ 44 ൽ വിശ്വസിച്ചവരെല്ലാം ചേർന്ന സമൂഹമാണ് സഭ എന്ന് നമ്മൾ വായിക്കുന്നുണ്ട് അതിന്റെ സവിശേഷത 4.32 ൽ വ്യക്തമാക്കുന്നു “അവർക്ക് ഒരു ആത്മാവും ഒരു ഹൃദയവുമായിരുന്നു” സഭയിലെ കുടുംബങ്ങൾ ഒരേ ആത്മാവോടും ഹൃദയത്തോടും കൂടി ചേർന്നു നിൽക്കുന്ന ആധ്യാത്മീക കൂട്ടായ്മയാണ് കുടുംബയൂണിറ്റ്.








ലക്ഷ്യങ്ങൾ
സുവിശേഷീകരണം : പ്രക്സീസ് 1.8 നിങ്ങൾ ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകുവിൽ എന്ന നമ്മുടെ കർത്താവിന്റെ ആഹ്വാനം സ്വീകരിച്ചുകൊണ്ട് സുവിശേഷികരണം നടത്തുക എന്നതാണ് യൂണിറ്റുകളുടെ പ്രാഥമിക ദൗത്യം. യേശുവിനെ ലോകത്തിന് കാട്ടിക്കൊടുക്കുക എന്ന നിയോഗത്തിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഇപ്രകാരം പറഞ്ഞത് ഓർമ്മിക്കുന്നു. “ഭാവിയിലെ സുവിശേഷീകരണം ഗാർഹിക സഭയെ ആശ്രയിച്ചാണിരിക്കുന്നത്” വ്യക്തികൾക്ക് മാത്രമല്ല കുടുംബങ്ങൾക്കും സവിശേഷമായി മാറാൻ കഴിയണം.
പരസ്പര സ്നേഹത്തിൽ നിലകൊള്ളുക സുവിശേഷം പങ്കു വെയ്ക്കപ്പെടും മുൻപ് നമ്മളിൽ സ്നേഹം രൂപപ്പെടേണ്ടതുണ്ട്. നമ്മുടെ ഉള്ളിൽ സ്നേഹം ഇല്ലെങ്കിൽ എങ്ങനെയാണ് സ്നേഹമാകുന്ന ദൈവത്തിനെ നമുക്ക് ലോകത്തിനു കാട്ടിക്കൊടുക്കാൻ സാധിക്കുക. സ്നേഹത്തിന്റെ സുവിശേഷമായിരിക്കണം യൂണിറ്റുകളിൽ മുഴങ്ങിക്കേൾക്കേണ്ടത്.








ആരെയും മാറ്റി നിർത്താത്ത ഇടം സൃഷ്‌ടിക്കുക : സമൂഹം തള്ളിക്കളയുന്ന മനുഷ്യരെയൊക്കെ ചേർത്ത് പിടിക്കുന്ന ഒരു യേശുവിനെയാണ് നമുക്ക് വിശുദ്ധ വേദപുസ്തകത്തിൽ കണ്ടെടുക്കാൻ കഴിയുക. ലോകം സക്കായിയെ തള്ളിക്കളഞ്ഞപ്പോൾ യേശു അവനെ ചേർത്ത് പിടിച്ചു. ഇവനും അബ്രഹാമിന്റെ പുത്രനാണെന്ന് പറഞ്ഞു. മാർക്കോസ് ശ്ലീഹായുടെ സുവിശേഷം നാലാം അദ്ധ്യായം അവസാനിക്കുന്നത് യേശു കാറ്റിനെയും കടലിനെയും ശാസിക്കുന്ന സംഭാവത്തോടെയാണ്. കാറ്റിനോട് മല്ലിട്ട് യേശു എവിടെ പോവുകയായിരുന്നു. അഞ്ചാം അദ്ധ്യായത്തിൽ അതിനുള്ള മറുപടിയുണ്ട്. യേശു പോകുന്നത് ഗദര ദേശത്തേക്കാണ് , അനേക ദുരാത്മാക്കൾ ബാധിച്ചു ചങ്ങലകളാൽ ബന്ധിതനായി സെമിത്തേരിയിൽ അന്തിയുറങ്ങുന്ന ഒരു ഭ്രാന്തനെത്തേടിയാണ് യേശു പോകുന്നത്. ഒരു ഭ്രാന്തന്റെ വേദനയെപ്പോലും ഗൗരവത്തിലെടുക്കുന്ന ഒരു ഗുരുവിന്റെ വേവലാതികൾ മുഴുവൻ ഒറ്റപെട്ട മനുഷ്യരെക്കുറിച്ചാണ്. നമുക്കും ഗൗരവത്തിൽ എടുക്കേണ്ടുന്ന ഒരു ചിന്ത ഇത് തന്നെയാണ്. ആരെയും മാറ്റി നിർത്താതെ എല്ലാവര്ക്കും ഇടമുള്ള ഒരു സ്‌പേസ് ആയി കുടുംബയൂണിറ്റുകൾ മാറണം.